എന്റെ നാട് കൂരട ഇതൊരു നാടിന്റെ കഥയാണ് എന്റെ സ്വന്തം നാടിന്റെ കഥ... കൂരട എന്നാണ് എന്റെ നാടിന്റെ പേര്. കാലം അനിവാര്യമായ മാറ്റങ്ങൾ വരച്ചു ചേർക്കുംമുൻപ് കുറേ പാറക്കെട്ടുകളും കല്ലുവെട്ട് കുഴികളും പച്ചപ്പിനെ മുള്ളു വേലികൾ കൊണ്ട് അതിരിട്ട് നിർത്തിയതും പായൽ പിടിച്ച കന്മതിലുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഇടവഴികളും കുളങ്ങളുടെ വൃത്തങ്ങളും തോടുകളുടെ ചതുരങ്ങളും ലംബവും തിരശ്ച്ചീനവുമായ വരമ്പുകളാൽ കളങ്ങൾ തീർത്ത നെല്പാടങ്ങളും അവയുടെ പച്ചപ്പിലേക്ക് ചാഞ്ഞ് തെങ്ങ് കവുങ്ങിൻ തോട്ടങ്ങളും എല്ലാം നിറഞ്ഞ അതിമനോഹരമായ ഗ്രാമം. ദാരിദ്ര്യമായിരുന്നെങ്കിലും എല്ലാവരും സന്തോഷത്തോടെ ജീവിച്ചിരുന്നു.. ഇവിടെയാണ് ഞങ്ങളുടെ വീട് ഒരു കൊച്ചുവീട് മേൽപുര ഓടിട്ടതായിരുന്നു താഴെപുര ഓലമേഞതും അത്കൊണ്ട് തന്നെ മഴക്കാലത്ത് ചോർന്നൊലിക്കുക പതിവായിരുന്നു. ബാപ്പയും ഉമ്മയും ഏഴ് മക്കളുമടങ്ങുന്ന വലിയൊരു കുടുംബം ഈ കൊച്ചുവീട്ടിൽ സന്തോഷത്തോടെ കഴിയുന്ന കാലം. മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കുട്ടികളെല്ലാം പഠിച്ചതോതാനിരിക്കും. രാത്രിയായാൽ ബാപ്പാക്ക് വലിയ ദേഷ്യമാണ് കാരണം വെളിച്ചക്കുറവ് തന്നെയാണ് ബാപ്പ സമസ്തയുടെ മുഫത്തിഷ് ആയിട്ട് കേരളത്തിന്റെ പലസ്ഥലങ്ങളിലായി ജോലി ചെയ്തതാണ് അവിടങ്ങളിലൊക്കെ കറണ്ടും വെളിച്ചവുമുണ്ടായിരുന്നത് കൊണ്ട് വീട്ടിലെ മണ്ണെണ്ണവിളക്കിന്റെ വെളിച്ചം ബാപ്പാക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയിരുന്നു ഞങ്ങളുടെ നാട്ടിൽ കറണ്ടുണ്ടായിരുന്നില്ല. അത് മാത്രമായിരുന്നില്ല ബാപ്പാന്റെ പ്രശ്നം പള്ളിയില്ല മദ്രസ്സയില്ല ജുമുഅക്ക് പോയിരുന്നത് ഒന്നര കിലോമീറ്റർ അകലെയുള്ള വെള്ളാഞ്ചേരി പള്ളിയിലേക്കായിരുന്നു. ബാപ്പ ഒരു തീരുമാനമെടുത്തു ഇവിടെയുള്ളതെല്ലാം വിറ്റു മറ്റെവിടെയെങ്ങിലും പോയി താമസിക്കാമെന്ന്. സ്ഥലം വില്ക്കാൻ ബ്രോക്കർമാരോട് പറഞ്ഞു. അടുത്ത ദിവസം ഒരു പാർട്ടി വാങ്ങിക്കാന്‍ തയ്യാറായി വന്നു എഴുപത്തിഅയ്യായിരം രൂപക്ക് വീടും പറമ്പും വില്ക്കാൻ തീരുമാനമായി. എന്റെ ഉമ്മാന്റെ നാടായ കൊണ്ടോട്ടിക്കടുത്ത് നെടിയിരുപ്പ് എന്ന സ്ഥലത്ത് ഒരു വീടും പറമ്പും വില്ക്കാനുണ്ടെന്ന് അമ്മാവൻ പറഞ്ഞത് പ്രകാരം അത് പോയി കണ്ടു ഇഷ്ടപ്പെട്ടു വെള്ളം വെളിച്ചം പള്ളി മദ്രസ്സ എല്ലാമുണ്ട് അത് വാങ്ങിക്കാനും തീരുമാനിച്ചു. വിവരമറിഞ്ഞു കുടുംബങ്ങളൊക്കെ എതിർത്തു എല്ലാവരോടും ബാപ്പ പറഞ്ഞത് ഒന്നുമാത്രം കറണ്ടില്ല വെളിച്ചമില്ല പള്ളിയില്ല മദ്രസ്സയില്ല. കുട്ടികളായിരുന്നെങ്കിലും ജനിച്ച നാടും വീടും വിട്ടുപോകുന്നതിൽ ഞങ്ങളും അതീവദുഖിതരായിരുന്നു. ഈ വിവരമറിഞ്ഞ ബാപ്പാന്റെ അടുത്ത സുഹൃത്തും കളിക്കൂട്ടുകാരനുമായ സേതുമാധവൻ നായർ ബാപ്പാന്റെയടുത്തു വന്നു കാര്യം തിരക്കി അദ്ധേഹത്തോടും ബാപ്പ ഇതേ കാര്യങ്ങള്‍ തന്നെ പറഞ്ഞു കറണ്ട്, പള്ളി, മദ്രസ്സ ഇതൊന്നുമില്ലാതെ എനിക്ക് പറ്റില്ല അദ്ധേഹം ബാപ്പാനോട് ചോദിച്ചു ഇതൊന്നും ഇല്ലാത്തത് കൊണ്ട് നമുക്ക് നമ്മുടെ നാട് വിട്ടുപോകാൻ പറ്റുമോ മുസ്ല്യാരെ നമ്മൾ വിചാരിച്ചാൽ ഇതൊക്കെ ഉണ്ടാക്കാൻ പറ്റില്ലെ.. ബാപ്പ ആലോചിച്ചു ശരിയാണല്ലോ നമ്മളെന്തിന് വിറ്റുപോണം. ആദ്യപടിയായി കൂരടയിലേക്ക് കറണ്ട് കൊണ്ട് വരാൻ വേണ്ടത് ചെയ്യാൻ തീരുമാനമെടുത്തു. അടുത്ത ദിവസം തന്നെ സേതുമാധവൻ നായരും ബാപ്പയും കൂടി പൊന്നാനി എലക്ട്രിസിറ്റി ഓഫീസിൽ പോയി കാര്യങ്ങള്‍ അന്വേഷിച്ചു. സേതുമാധവൻ നായരുടെ പരിചയക്കാരനായിരുന്ന ക്രിസ്റ്റി എന്ന ഓവർസിയർ സഹായിക്കാമെന്നേറ്റു പക്ഷെ ഒരു പ്രശ്നം ഒന്നര കിലോമീറ്ററോളം ദൂരം വരുന്ന ''കടകശ്ശേരിയിൽ' നിന്നും പോസ്റ്റുകളിട്ട് ലൈൻ വലിച്ച് കൊണ്ടുവരണം അതിന്റെ ചിലവ് നമ്മൾ തന്നെ വഹിക്കണം അതുകേട്ട് രണ്ടുപേരും ഞെട്ടിപ്പോയി കാരണം ധനികരായി അന്ന് ഞങ്ങളുടെ നാട്ടിൽ ആരും തന്നെയുണ്ടായിരുന്നില്ല കർഷകരും കൂലിപ്പണിക്കാരും നിത്യവൃത്തിക്ക് പോലും പണം കണ്ടെത്താൻ കഴിയാത്തവരുമായ നമ്മുടെ നാട്ടുകാര്‍ക്ക് ഇത് താങ്ങാൻ പറ്റുമോ. അപ്പോളും സേദുമാധവൻ നായർ തന്നെയാണ് ബാപ്പാനെ സമാധാനിപ്പിച്ചത്. എല്ലാം നടക്കും മുസ്ല്യാരെ... ആ വാക്കുകള്‍ ബാപ്പാന്റെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. അങ്ങിനെ അവർ രണ്ടുപേരും കൂടി വീടുവീടാന്തരം കയറിയിറങ്ങി ആരും സമ്മതിക്കുന്ന മട്ടില്ല എല്ലാവരുടെയും പ്രശ്നം സാമ്പത്തികം തന്നെയായിരുന്നു മറ്റുചിലർക്ക് പേടിയായിരുന്നു കറണ്ടോ ഏയ് അതൊന്നും ശരിയാവില്ല പക്ഷെ ഇതൊന്നും കേട്ട് പിന്തിരിയാൻ രണ്ടുപേരും ഒരുക്കമായിരുന്നില്ല പലവിധേനയും കുറച്ച് പേരെ സമ്മതിപ്പിച്ചെടുക്കാൻ പറ്റി വെറും പതിനാല് പേര് മൊത്തം ചിലവ് കൂട്ടി നോക്കിയപ്പോൾ ഒരാള്‍ മുന്നൂറ് രൂപ എടുത്താലേ തികയൂ ഇന്നത്തെ മുപ്പതിനായിരമെങ്കിലും വാല്യൂ വരുന്ന അന്നത്തെ മുന്നൂറ് രൂപ ഈ പതിനാല് പേരും അത്ര വലിയ സംഖ്യ ഉണ്ടാക്കാൻ കഴിയുന്നവരായിരുന്നില്ല പക്ഷെ കറണ്ട് എന്ന മോഹം ബാപ്പാനെപ്പോലെതന്നെ അവരുടെ മനസ്സിലും അലയടിച്ചുതുടങ്ങിയിരുന്നു. അങ്ങിനെ കടകശ്ശേരിയിൽ നിന്നും കൂരട വരെ പോസ്റ്റുകള്‍ നാട്ടി ലൈൻ വലിച്ചു വീടുകളൊക്കെ വയറിങ്ങ് ചെയ്തു ബൾബുകളിട്ടു കറണ്ടിനെ വരവേല്ക്കാൻ കൂരട നാട് കാത്തിരുന്നു. അങ്ങിനെ ആയിരത്തിത്തൊള്ളായിരത്തി എൻപത് ഡിസമ്പര്‍ മാസത്തില്‍ കൂരടയിലെ പതിനാല് വീടുകളിലും ബൾബുകൾ തെളിഞ്ഞു.. എല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി അതെ കൂരടയിൽ കറണ്ട് വന്നു. നാടിന് തന്നെ അത് വലിയ ആഘോഷമായി കറണ്ട് കിട്ടിയ വീടുകളിൽ സന്തോഷം അലയടിക്കുമ്പോൾ പേടിച്ചിട്ടും മറ്റും സഹകരിക്കാത്ത അയൽവീടുകളിലെല്ലാം ദുഖം തളംകെട്ടി നില്ക്കുന്നുണ്ടായിരുന്നു. മൊയ്ലേരാക്കയും സേതുനായരും പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു എന്ന് പലരും പിറുപിറുത്തു. ഞങ്ങളുടെ വീട്ടിലും സന്തോഷം നിറഞ്ഞുനിന്നിരുന്നു കറണ്ട് കിട്ടിയതിനേക്കാൾ സന്തോഷം ഈ നാട് വിട്ടുപോകേണ്ടല്ലോ എന്നതായിരുന്നു. അങ്ങിനെ ബാപ്പാന്റെ ഒന്നാമത്തെ ആഗ്രഹം സഫലമായിരിക്കുന്നു. തുടരും..... ബഷീര്‍ അഹമ്മദ് കരിങ്കപ്പാറ കൂരട...
. Read More